- 15 October, 2026
പള്ളിക്കര : സ്വന്തം മകനോടെന്നപോലെ വാത്സല്യത്തോടെ വിശുദ്ധ കാർലോ അക്കുത്തിസിനോട് പ്രാർഥനകൾ അർപ്പിക്കുന്ന വിശ്വാസികൾ. പഠനവിജയത്തിനും കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാനും വിശുദ്ധന്റെ മാധ്യസ്ഥം തേടിയെത്തുന്നവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുകയാണ് എറണാകുളം കാക്കനാടിനടുത്തുള്ള പള്ളിക്കര സെന്റ് കാർലോ അക്കുത്തിസ് ദേവാലയം.
സൈബർ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്കുത്തിസിന്റെ നാമധേയത്തിൽ ലോകത്ത് ആദ്യമായി സ്ഥാപിതമായ ദേവാലയമാണിത്.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഈ ദേവാലയം 2025 സെപ്റ്റംബർ ഏഴിന്, വിശുദ്ധ കാർലോ അക്കുത്തിസിന്റെ വിശുദ്ധ പ്രഖ്യാപനദിനത്തിൽ, ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൂദാശ ചെയ്തു.പ്രാർഥനയ്ക്കായി എത്തുന്നവർ വിശുദ്ധനെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കാണുന്നത്. തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും കടലാസുകളിൽ കുറിച്ച് വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നവരുടെ കാഴ്ച ഇവിടെ പതിവാണ്. കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാനും പരീക്ഷകളിൽ വിജയിക്കാനുമുൾപ്പെടെയുള്ള നിയോഗങ്ങളുമായി പ്രതിദിനം 30 മുതൽ 50 വരെ അപേക്ഷകൾ ദേവാലയത്തിലെത്തുന്നു. പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചതിലുള്ള നന്ദിപ്രകടനങ്ങളും ഇതോടൊപ്പം സമർപ്പിക്കപ്പെടുന്നു.
യുവജനങ്ങൾക്കും കുട്ടികൾക്കും വിശ്വാസജീവിതത്തിൽ പ്രചോദനമേകുന്ന ആത്മീയകേന്ദ്രമായി വളരുന്ന ഈ ദേവാലയത്തിലേക്ക് കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മാത്രമല്ല, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നും തീർഥാടകർ എത്തുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിശ്വാസത്തോടൊപ്പം പ്രത്യാശയും ആത്മവിശ്വാസവും പകരുന്ന കേന്ദ്രമായി പള്ളിക്കര സെന്റ് കാർലോ അക്കുത്തിസ് ദേവാലയം മാറുകയാണ്.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP