- 15 October, 2026
വാഷിംഗ്ടൺ ഡി.സി: ജപമാല മാസത്തിന് മുന്നോടിയായി അമേരിക്കയിൽ സംഘടിപ്പിച്ച തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. സെന്റ് ജോസഫ് പ്രൊവിൻസിലെ ഡൊമിനിക്കൻ സന്യാസിമാരുടെ നേതൃത്വത്തിലായിരുന്നു തീർത്ഥാടനം സംഘടിപ്പിച്ചത്. ദിവ്യകാരുണ്യ ആരാധനയിലും അനുരഞ്ജന കൂദാശയിലും പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, ആത്മീയ പ്രഭാഷണങ്ങൾ എന്നിവയും നടന്നു.
ഓരോ വർഷവും തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും കൂടുതൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുചേരുന്നതായും സെന്റ് ജോസഫ് പ്രൊവിൻസിലെ സാമൂഹിക ആശയവിനിമയ വിഭാഗം പ്രൊമോട്ടർ ജനറലായ ഡൊമിനിക്കൻ വൈദികൻ ഫാ. പാട്രിക് ബ്രിസ്കോ പറഞ്ഞു.ജപമാല കേവലം ഒരു പ്രാർത്ഥന മാത്രമല്ലെന്നും ദൈവവുമായുള്ള ആഴമായ ബന്ധത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ആത്മീയ വഴിയാണെന്നും മുഖ്യപ്രഭാഷകനായ ഫാ. പീറ്റർ ജോൺ കാമറൂൺ ഓർമ്മിപ്പിച്ചു. മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന ചങ്ങലയാണ് ജപമാലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP