image

സിനഗോഗിന് തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപത്തെ ബാനറുകളും ഫ്ലെക് സുകളും തീകൊളുത്തി നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പിടിയിലായ എബിൻ പോളിന്റെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ കണ്ടെത്തിയതായി കൊച്ചി ഡിസിപി അരുണ്‍ കെ. പവിത്രൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഫോണിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധനകൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.


പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില ഗ്രൂപ്പുകളിൽ തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും കണ്ടെത്തിയതായി ഡിസിപി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി പ്രതി ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ സ്വഭാവവും പിന്നിലെ ഉദ്ദേശ്യവും കൂടുതൽ പരിശോധനകൾക്കുശേഷമേ വ്യക്തമാകൂ. കേന്ദ്ര അന്വേഷണ ഏജൻസികളും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ 'ബോസ്' എന്ന വ്യക്തിയെക്കുറിച്ച് പ്രതി പരാമർശിച്ചതായും ഡിസിപി പറഞ്ഞു. ഇയാൾ ആരാണെന്നോ എവിടെയുള്ളയാളാണെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം. നീല നിറത്തിലുള്ള ഇഗ്‌നിസ് കാറിലെത്തിയ പ്രതി വാഹനത്തിൽനിന്നിറങ്ങി പെട്രോൾ ഒഴിച്ച് തീയിടുകയും സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു വെന്നാണ് പൊലീസ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. സംഭവത്തിനു പിന്നിലെ ലക്ഷ്യവും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP