- 29 October, 2026
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് രണ്ട് കത്തോലിക്കാ മെത്രാന്മാർ. ട്രംപിനൊപ്പം പ്രാർത്ഥിക്കുന്ന മെത്രാന്മാരുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ, ഇത് രാഷ്ട്രീയ നിലപാടിന്റെ പ്രകടനമാണോ എന്ന ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് പ്രതികരണം.ഒക്ടോബർ 22-ന് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്കിന് ചുറ്റും ട്രംപിനൊപ്പം നിൽക്കുന്ന ഒരു സംഘം മെത്രാന്മാരെ കാണാം.
ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്ന മിൽവോക്കി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ജെഫ്രി ഗ്രോബ്, കൂടിക്കാഴ്ച സ്വകാര്യമായിരിക്കുമെന്നാണ് കരുതിയതെന്നും അത് ഒരു “രാഷ്ട്രീയ പ്രചാരണത്തിനുള്ള ഫോട്ടോ അവസരമായിരിക്കുമെന്ന്” പ്രതീക്ഷിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ട്രംപും ലെയോ പതിനാലാമൻ പാപ്പയും തമ്മിലുള്ള ബന്ധം സംഘർഷഭരിതമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസിന്റെ നിലപാടുകളെ ചില അമേരിക്കൻ മെത്രാന്മാർ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 55 ശതമാനം കത്തോലിക്കാ വോട്ടർമാരുടെ പിന്തുണ ട്രംപിന് ലഭിച്ചതായി റിസർച്ച് സെന്റർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
അയോവയിലെ ഡെസ് മൊയിൻസ് രൂപതാധ്യക്ഷൻ ബിഷപ്പ് വില്യം ജോൻസൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, വൈറ്റ് ഹൗസിലെ വിശ്വാസകാര്യ ഓഫീസ് ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം നടത്തിയതെന്ന് പറഞ്ഞു. കുടിയേറ്റം, വിദേശ വൈദികർക്കുള്ള വിസ, ദുർബലരും ദരിദ്രരുമായ വ്യക്തികളെ ചൂഷണം ചെയ്യുന്ന പ്രവണതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP