image

പദവികൾ കൈമാറി ലെയോ പാപ്പയും ചാൾസ് രാജാവും

വത്തിക്കാൻ സിറ്റി : അഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്ന് ലെയോ പതിനാലാമൻ പാപ്പയും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും. പരസ്പര ബഹുമാനത്തിന്റെയും ക്രൈസ്തവ ഐക്യത്തിന്റെയും പ്രതീകമായി ഇരുവരും പ്രത്യേക പദവികൾ കൈമാറി.


വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിന്റെ ‘പേപ്പൽ കോൺഫ്രേറ്റർ’ പദവിയാണ് ചാൾസ് രാജാവ് ലെയോ പാപ്പയ്ക്ക് നൽകിയത്. ഇതിന് മുന്നോടിയായി, കഴിഞ്ഞ വർഷം റോമിലെ സെന്റ് പോൾസ് ഔട്ട്സൈഡ് ദി വാൾസ് ബസിലിക്കയുടെ ‘റോയൽ കോൺഫ്രേറ്റർ’ പദവി പാപ്പ ചാൾസ് രാജാവിനും സമ്മാനിച്ചിരുന്നു. 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പദവി കൈമാറ്റം നടക്കുന്നത്.ലോകത്ത് സംഘർഷങ്ങളും ധ്രുവീകരണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇരു സഭകളും തമ്മിലുള്ള ആത്മീയ ബന്ധവും എക്യുമെനിക്കൽ സൗഹൃദവും ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.


കഴിഞ്ഞ വർഷം ഒക്ടോബറിൽ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിൽ നടത്തിയ ഔദ്യോഗിക സന്ദർശനവും സഭാചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. അഞ്ച് നൂറ്റാണ്ടിനിടെ ആദ്യമായി ഒരു ബ്രിട്ടീഷ് രാജാവും മാർപാപ്പയും സിസ്റ്റൈൻ ചാപ്പലിൽ ഒരുമിച്ച് പ്രാർത്ഥിച്ചു.പദവി കൈമാറ്റത്തിന്റെ ഭാഗമായി വിൻഡ്‌സറിലെ സെന്റ് ജോർജ് ചാപ്പലിൽ ലെയോ പാപ്പയ്ക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കും.


ചാൾസ് രാജാവിന് പാപ്പ സമ്മാനിച്ച ക്രിസ്തുവിന്റെ അപൂർവ മൊസെയ്ക്ക് ചിത്രവും ചാപ്പലിൽ സ്ഥാപിക്കും. സഭകൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ക്രൈസ്തവ സാഹോദര്യത്തിന്റെയും ദൃശ്യമായ അടയാളമായി ഈ നടപടികൾ വിലയിരുത്തപ്പെടുന്നു.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP