image

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ വെസ്റ്റ് അർജുന്ദ ഗ്രാമത്തിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം. ഒക്ടോബർ 26-ന് വൈകിട്ട് പർബതി ഹെംബ്രം സോറന്റെ വീട്ടിലുണ്ടായ ആക്രമണ സംഭവത്തിൽ പോലീസ് ഇടപെടൽ വൈകിയെന്നാണ് ആരോപണം.


ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആക്രമികൾ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.പാൻസ്‌കുര പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കൺട്രോൾ റൂമിലും വിവരം അറിയിച്ചിട്ടും ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് പോലീസ് എത്തിയതെന്നാണ് കുടുംബത്തിന്റെ പരാതി.ബാലിചക് കത്തോലിക്കാ ഇടവകയ്ക്കു കീഴിലുള്ള ക്രൈസ്റ്റ് ദ കിങ് മിഷൻ പള്ളിയിലെ വിശ്വാസികളാണ് ആക്രമണത്തിനിരയായ കുടുംബം.


ഒക്ടോബർ 11-നും കുടുംബത്തിനെതിരെ ഭീഷണിയും ഉപദ്രവവും ഉണ്ടായതായി ആരോപണമുണ്ട്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒക്ടോബർ 12-ന് പോലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP