- 08 September, 2026
സ്പ്രിംഗ്ഫീൽഡ് : ആശുപത്രികളും കെയർഹോമുകളും ദയാവധവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ പുതിയ നിയമത്തിനെതിരെ ചിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്ത കർദിനാൾ ബ്ലേസ് കുപ്പിച്ചും കത്തോലിക്കാ സന്യാസിനി സമൂഹങ്ങളും യു.എസ്. ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചു.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് ഹർജി സമർപ്പിച്ചത്.2025 ഡിസംബറിൽ ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ഒപ്പുവച്ച നിയമം സെപ്റ്റംബർ 12ന് പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. മാരക രോഗബാധിതരായ രോഗികൾ ആവശ്യപ്പെട്ടാൽ ഡോക്ടർമാർ മാരകമായ അളവിലുള്ള മരുന്നുകൾ നൽകുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ദയാവധത്തെക്കുറിച്ചുള്ള വിവരങ്ങൾ രോഗികൾക്ക് നൽകുന്നതിനും ആവശ്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിനും ആശുപത്രികൾക്കും കെയർഹോമുകൾക്കും നിയമം ബാധ്യത ഏർപ്പെടുത്തുന്നു.
കത്തോലിക്കാ വിശ്വാസപ്രകാരമുള്ള ജീവന്റെ വിശുദ്ധിയുമായി പൊരുത്തപ്പെടാത്ത നടപടികളിൽ ഏർപ്പെടാൻ മതസ്ഥാപനങ്ങളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. സ്വന്തം മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സർക്കാർ സ്ഥാപനങ്ങളെ നിർബന്ധിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.കത്തോലിക്കാ ആശുപത്രികൾക്കും കെയർഹോമുകൾക്കും നിയമത്തിൽ ഇളവ് അനുവദിച്ചിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട തങ്ങളുടെ മതപരമായ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നത് ഒഴിവാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രവർത്തിക്കുന്ന ബെക്കറ്റ് എന്ന നിയമസ്ഥാപനമാണ് കർദിനാൾ കുപ്പിച്ചിനും കത്തോലിക്കാ സന്യാസിനി സമൂഹങ്ങൾക്കും വേണ്ടി കോടതിയിൽ ഹാജരാകുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിഷയത്തിൽ കോടതി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഹർജിക്കാർ.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP